എന്റെ കീറക്കടലാസിൽ
മഷിയിറ്റിത്തുടങ്ങിയത്,
ഭയപ്പാടുകളുടെ പഴന്തുണിക്കെട്ടൊഴികെ
മറ്റാരും
കൂട്ടില്ലെന്നു തിരിച്ചറിഞ്ഞ നിമിഷം!

Thursday, January 26, 2012

ഭ്രാന്തൻ ചുമരുകളിൽ

ഒരു കരി രേഖ പോലും

എന്നെ നോക്കി ചിരിച്ചിരുന്നില്ല.

നിന്റെ അച്ചിലിട്ടു വാർത്ത

വാക്കുകൾ പോലെ

മെനഞ്ഞെടുത്ത ചിരിത്തുണ്ടു പോലെ

നിന്റെ കണ്ണുകളിലെ

ഇല്ലയ്മയുടെ ആഴം പോലെ

വിഷനീല മറച്ച

പുതുവെള്ളച്ചുമരുകൾ!

ആദ്യത്തെ അടി

നിന്റേതു തന്നെയായിരുന്നു.

എന്റെ പേടി

സ്നേഹം

ദൈന്യം

എല്ലാറ്റിനുമിടയിൽ,

ഏറ്റം വലിയ സത്യമായി നിന്റെ വാക്ക്;

‘ഭ്രാന്ത്!‘

അതെ,

ഞാൻ ഭ്രാന്തി!

സ്നേഹത്തിന്റെ ചായക്കൂട്ടുകളിൽ

നല്ല വാക്കുകളുടെ അർത്ഥശൂന്യതയിൽ

മുങ്ങിത്താണ വിഡ്ഡി!

അന്യതയുടെ ബലിക്കല്ലിൽ

പകച്ചുവീണൊരു കീറത്തുണി!

അനാഥത്വത്തിന്റെ മാറാപ്പിൽ നിന്ന്

അറിയാതടർന്നൊരു

വേർപ്പുതുള്ളി!

പരിഹാസത്തിന്റെ മുൾമുനകളിൽ

പിടഞ്ഞുമരിച്ച

ഒരു തൂവൽക്കഷ്ണം!

ഒടുവിൽ,

ഏറ്റമൊടുവിൽ

ശേഷിയ്ക്കുന്ന ഒരേയൊരോർമ്മ

എന്റെയിലക്കീറിൽ

നീ പകർന്ന

തിരസ്കാരത്തിന്റെ ഉപ്പ്!

1 comments:

Pradeep Kumar said...

നല്ല വരികള്‍....