ചേർന്നു നിന്നൊഴുകുന്നതോടൊപ്പം
മുഴച്ചു പുളയുന്ന ഒന്നായിരുന്നു
നീയെന്ന ഭാവം.
അതെ,
നീ-എ-ന്ന-ഭാ-വം!
കാഴ്ചയിലരിച്ച ഉറുമ്പു പോലെ,
കണ്ണിലുദിച്ച നക്ഷത്രം പോലെ.
പ്രളയകാലങ്ങൾ താണ്ടി വ ന്ന
പ്രപിതാമഹരുടെ ഉരുക്കുറപ്പ്.
ആകാശമദ്ധ്യേ ബീജവർഷം നടത്തിയ
മാമുനിയുടെ ദുർബലത.
യയാതിമനസ്സും
കൃഷ്ണ കൌശലവും.
അതെ,
കാഴ്ചയിലരിച്ച ഉറുമ്പു പോലെ,
കണ്ണിലുദിച്ച നക്ഷത്രം പോലെ
നീയെന്ന ഭാവം.
ചിറക്...
അവസാനത്തെ തൂവലും പൊഴിച്ച് പിടയുന്ന പക്ഷികളായിരുന്നു, ഒരിയ്ക്കല്‍ സ്വപ്നങ്ങളില്‍ നിറയെ. പിന്നീട്, കടലാസുപൂക്കള്‍ വീണുകിടക്കുന്ന ചാലിയാറിന്റെ നനഞ്ഞ മണ്ണില്‍ നിന്നാണു ഞാനാ തൂവലുകളൊക്കെയും പെറുക്കിയെടുക്കാന്‍ തുടങ്ങിയത്. എല്ലാ തൂവലുകളും ചേര്‍ത്തു വച്ചാലൊരുപക്ഷെ, എന്റെ പക്ഷിയ്ക്കു പറക്കാനൊരു ചിറകു കിട്ടിയേയ്ക്കുമെന്ന് ഞാന്‍ വെറുതേ മോഹിയ്ക്കാറുണ്ടായിരുന്നു. എന്നും വെറുതേ....
Thursday, April 5, 2012
Sunday, March 25, 2012
ജനാലയ്ക്കപ്പുറം
ഓവു ചാലാണ്.
ശീമക്കുന്നകൾ
നിഴൽച്ചിത്രം വരയ്ക്കുന്ന
ഇരുണ്ട ചാലുകൾ..
നീ പിടിച്ചു വാങ്ങി നിഷേധിച്ച
ഇഷ്ടം പോലെ
മതിലിനപ്പുറം
അയയിൽ
വിളർത്തു കിടക്കുന്നു,
കന്യകമാരുടെ അടിക്കുപ്പായങ്ങൾ!
എന്നോ മരിച്ച
വിളക്കുകാലുകൾക്കടിയിൽ
അതിനും മുൻപേ ചത്തടിഞ്ഞ
ഈയാം പാറ്റകൾ…
ഇനി,…
ഇനി ചിതയൊരുക്കുന്നത്
ഞാൻ തന്നെയാവാം!!
പോയ ജന്മത്തിന്റെ
വരാന്തയിലാണു ഞാൻ!
മണമറ്റ വേനൽ പടർപ്പുകൾ…
മരണം രുചിയ്ക്കുന്ന
വയലറ്റ് കാടുകൾ…
തകർന്ന ഞരമ്പുകൾ…
അകലങ്ങളിലേയ്ക്ക്,
ആഴങ്ങളിലേയ്ക്ക്
ആഴമില്ലായ്മയിലേയ്ക്ക്
ഒറ്റപ്പെട്ടു കൊണ്ട്…
തനിച്ച്…
ഈറൻ വറ്റിയ കണ്ണുകളിൽ
കവിത ചിരിയ്ക്കുന്നു.
എനിയ്ക്കു പൊള്ളുന്നു.
വേണ്ട, ഈ നിഴൽ നാടകം!
സ്വപ്നങ്ങളിൽ നിനക്ക്
കണ്ണുകളില്ലായിരുന്നു.
ചുറ്റിലും
ചിറകറ്റ ഈയാം പാറ്റകൾ..
യാത്ര/
കൊഴിഞ്ഞുപോയ നിമിഷങ്ങളെ
തിരിച്ചെടുക്കാനുള്ള പാഴ്ശ്രമം…
ഓർമ്മകളിലെവിടെയോ പിഞ്ഞിപ്പോയ ഏണ്ണത്തിരി
തെറുത്തെടുക്കാൻ…
പഴുത്ത കണ്ണുകൾക്കിടയിൽ നിന്ന്
വരണ്ടപുല്ലുകൾക്കിടയിലേയ്ക്ക്…
എന്തിനായിരുന്നു നീ
എന്റെ സ്നേഹ നിറവുകളിലേയ്ക്ക്
കയ്പു നീർ കുടഞ്ഞത്?
വേദനകൾക്ക്
കഞ്ചാവിന്റെ ലഹരിയെന്ന് നീ ചിരിയ്ക്കുമ്പോൾ
സമയത്തിന്റെ കുരുക്കുകൾക്കിടയിൽ
ഞാൻ പിടഞ്ഞുമരിയ്ക്കുന്നു.
എന്തോ…
ജനനവും മരണവും പോലെ
വേനലും വർഷവും പോലെ
അനിവാര്യമായ ഒന്നായിരുന്നുവോ
നമ്മളും നമ്മിലെ കവിതയും
പിന്നെ,
നിറം കെട്ട സ്വപ്നങ്ങളും!!
ആദ്യ പ്രണയം
പറയപ്പെടാത്ത വാക്കായി
എഴുതപ്പെടാത്ത കവിതയായി
തിണർത്തു കിടന്നു.
നിതാന്തമൗനം
നിഴലുകളെ മാത്രം കൂട്ടു പിടിച്ചു.
ആദ്യ പ്രണയം
അടുത്തവീട്ടിലെ കുട്ടി
എറിഞ്ഞുടച്ച
ജനൽച്ചില്ലു പോലെ.
ഉടഞ്ഞ സ്വപ്നങ്ങളിൽ
വേരുകളാഴ്ത്തി
നിശാഗന്ധികൾ മാത്രം മുളച്ചു.
മൺ മറഞ്ഞ ഓർമ്മകളിൽ നിന്ന്
ഉയിർത്തെഴുന്നേൽക്കുന്ന സ്വപ്നങ്ങൾ..
ഉറക്കം,
വൈകിയെത്തുന്ന/എത്താതിരിയ്ക്കുന്ന
കാത്തിരിപ്പ്..
കിതപ്പിന്റെ കൺ പോളകളിൽ
ചീർത്തു നിൽക്കുന്നു,
പ്രണയത്തിന്റെ ചുവപ്പ്!
ഉണർവ്വിന്റെ ഇടവേളകളിൽ
വിരിയുന്നത്
ശവം നാറികൾ..
എങ്കിലും എന്റെ യാത്ര,
നിലാവിന്റെ നാട്ടിലേയ്ക്ക്.